ഇംഫാൽ: റോക്കറ്റ് ആക്രമണത്തിൽ മണിപ്പൂർ ബിഷ്ണുപൂർ ജില്ലയിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമ്മയ്ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ട്രോംഗ്ലാവോബി അവാംഗ് ലെയ്കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
കുട്ടികളുടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ഒരു പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ച് തകർത്തു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പ്രതിഷേധക്കാർ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പുലർച്ചെ നടന്ന സംഘർഷത്തിൽ 19 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് സംഭവത്തെ മനുഷ്യത്വ വിരുദ്ധമായ ക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ സമാധാനം നിലനിർത്താനായി ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചു.